ADS

Saturday, June 22, 2013

നാളെവരെ കനത്ത മഴ: പിന്നില്‍ 'ബെബിന്‍ക'

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍24 വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഫിലിപ്പൈന്‍സിന്റെ പടിഞ്ഞാറന്‍ തീരത്ത് തെക്കന്‍ ചൈനാക്കടലില്‍ രൂപപ്പെട്ട ചുഴലിക്കൊടുങ്കാറ്റിന്റെ സാന്നിദ്ധ്യമാണ് കാലവര്‍ഷത്തെ ഇത്രയും ശക്തമാക്കിയത്. 'ബെബിന്‍ക' എന്നാണ് ഈ ചുഴലിക്കൊടുങ്കാറ്റിന് ലോക കാലാവസ്ഥാ സംഘടന നല്‍കിയിരിക്കുന്ന പേര്.

ബെബിന്‍ക കാരണം മണ്‍സൂണ്‍ കാറ്റിന് ശക്തി കൂടുമെന്നതിനാല്‍ കേരളത്തില്‍ പല സ്ഥലത്തും ഏഴുസെന്റീമീറ്ററിനും അതിന് മുകളിലും മഴ ലഭിക്കാനാണ് സാധ്യത. ഇതിനുശേഷം മഴ കുറയാം. 27 മുതല്‍ കാലവര്‍ഷം ദുര്‍ബലമാകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ് പറഞ്ഞു.

ബെബിന്‍ക ചുഴലിക്കൊടുങ്കാറ്റ് പടിഞ്ഞാറേയ്ക്കാണ് നീങ്ങുന്നത്. ഞായറാഴ്ചയോടെ ഇത് വിയറ്റ്‌നാം തീരം കടക്കുമെന്നാണ് കരുതുന്നത്. ഭൂമധ്യരേഖ കടന്നുവരുന്ന മണ്‍സൂണ്‍ കാറ്റിനെ ശക്തമാക്കുന്നതാണ് ചുഴലിക്കാറ്റിന്റെ ഈ സഞ്ചാരം.

ഇതിനുപുറമെ, മഴ ശക്തിപ്പെടാന്‍ വേറെയും അനുകൂല ഘടകങ്ങളുണ്ട്. ഒറീസാതീരത്തിനടുത്ത് വൈകാതെ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. മഡഗാസ്‌കറിനു സമീപം ഉന്നതമര്‍ദ മേഖലയും നിലവിലുണ്ട്.

ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ജൂണ്‍ 19 വരെ കേരളം ഉള്‍പ്പെടുന്ന തെക്കന്‍മേഖലയില്‍ 53 ശതമാനം അധികം മഴ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇത് ഇപ്പോള്‍ എഴുപത് ശതമാനത്തിലേറെയാണ്. പ്രളയത്തിലായ ഹിമാലയന്‍ മേഖലയില്‍ കഴിഞ്ഞയാഴ്ച മാത്രം നാലിരട്ടി മഴയാണ് പെയ്തത്.

No comments:

Post a Comment