ADS

Tuesday, June 25, 2013

ഉത്തരഖണ്ഡ് ദുരന്തത്തിനു കാരണം മനുഷ്യന്റെ ചെയ്തികള്‍



ഉത്തരഖണ്ഡ് ദുരന്തത്തിനു കാരണം മനുഷ്യന്റെ ചെയ്തികള്‍
ഡെറാഡൂണ്‍: ഉത്തരഖണ്ഡിലെ ദുരന്തം സൃഷ്ടിച്ചത് മനുഷ്യനോ പ്രകൃതിയോ? രക്ഷാപ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ് ദേശീയ തലസ്ഥാനത്ത്. ഹിമാലയന്‍ മേഖലയിലെ അനിയന്ത്രിത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ദുരന്തമുണ്ടാക്കിയതെന്നു പരിസ്ഥിതി വാദികളും അല്ലെന്നു സര്‍ക്കാരുകളും ആവര്‍ത്തിക്കുന്നതിനിടെ ദുരന്തം മനുഷ്യസൃഷ്ടമെന്ന വാദവുമുയര്‍ത്തി ദേശീയ ദുരന്തനിവാരണ അഥോറിറ്റി (എന്‍ഡിഎംഎ)യും രംഗത്തെത്തി.

ഉത്തരഖണ്ഡിലുണ്ടായതു പ്രകൃതി ദുരന്തമാണ്. പക്ഷേ, അതിന്റെ ആഘാതം വര്‍ധിപ്പിക്കുന്നതില്‍ പരിസ്ഥിതിക്കു യോജിക്കാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും പങ്കുണ്ട്. വെള്ളപ്പൊക്ക സാധ്യതാ മേഖലയില്‍ ഹോട്ടല്‍ കെട്ടിപ്പൊക്കുകയും ദുരന്തമുണ്ടാകുമ്പോള്‍ നിലവിളിക്കുകയും ചെയ്തിട്ടു കാര്യമില്ല എന്‍ഡിഎംഎ വൈസ് ചെയര്‍മാന്‍ എം. ശശിധര്‍ റെഡ്ഡി പറയുന്നു.

നദീതീരങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തേണ്ട പ്രാഥമിക മുന്‍കരുതലുകളെക്കുറിച്ചു ഞങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഇക്കാരത്തില്‍ നടപടിയെടുക്കേണ്ടതു സംസ്ഥാനങ്ങളാണ്. ഉത്തരഖണ്ഡിന്റെ പുനര്‍നിര്‍മാണത്തിലെങ്കിലും ഇത്തരംകാര്യങ്ങള്‍ പരിഗണിക്കണമെന്നും റെഡ്ഡി.

എന്നാല്‍, നിര്‍മാണപ്രവര്‍ത്തനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നാണു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട്. വര്‍ധിച്ചുവരുന്ന തീര്‍ഥാടകത്തിരക്ക് പരിഗണിക്കുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. മുന്‍കരുതലുകള്‍ക്ക് പരിധിയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍. അപ്രതീക്ഷിതമായി മഞ്ഞുമല പൊട്ടിപ്പിളര്‍ന്നതാണ് വന്‍ ദുരന്തത്തിനിടയാക്കിയതെന്ന് ഉത്തരഖണ്ഡ് സര്‍ക്കാര്‍ പറയുന്നു.

മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണയും വാദിക്കുന്നു. പരിസ്ഥിതി ലോല മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംരക്ഷിത വനമേഖലകളില്‍പ്പോലും പ്രളയവും മണ്ണിടിച്ചിലും പതിവെന്നും മുഖ്യമന്ത്രി. ഏറെ വിവാദമുയര്‍ത്തിയ തെഹ്രി ഡാമുള്‍പ്പെടെ അണക്കെട്ടുകളാണ് ഉത്തര്‍പ്രദേശും ഡല്‍ഹിയുമടക്കം സംസ്ഥാനങ്ങല്‍ വെള്ളപ്പൊക്ക സാധ്യത തടഞ്ഞതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ അഭിപ്രായം.

എന്നാല്‍, ഇനിയെങ്കിലും മനുഷ്യന്‍ പഠിച്ചില്ലെങ്കില്‍ കൂടുതല്‍ ദുരന്തങ്ങളുണ്ടാകുമെന്ന് തെഹ്രി അണക്കെട്ടിനെതിരേ ദീര്‍ഘകാല സമരം നയിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ മുന്നറിയിപ്പ്. ഹിമാലയന്‍ പര്‍വതങ്ങളില്‍ വാല്‍നട്ട് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം.

വാല്‍നട്ടിന്റെ ഇലകള്‍ വിസ്താരമുള്ളതാണ്. ഇവയ്ക്കു വെള്ളം സംഭരിച്ചുവയ്ക്കാന്‍ പ്രത്യേക കഴിവുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇവിടെയുള്ളത് ബ്രിട്ടിഷുകാര്‍ നട്ട പൈന്‍ മരങ്ങളാണ്. അവയ്ക്ക് വെള്ളം പിടിച്ചുവയ്ക്കാന്‍ ശേഷിയില്ലാത്തതിനാലാണ് പ്രളയങ്ങളുണ്ടാകുന്നത് ബഹുഗുണ പറയുന്നു.

പരസ്പരം കുറ്റപ്പെടുത്തുകയല്ല, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരെ സജ്ജരാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ഹിമാലയന്‍ എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ഓര്‍ഗനൈസേഷന്‍ (ഹെസ്‌കോ) സ്ഥാപക പ്രസിഡന്റ് ഡോ. അനില്‍ ജോഷി. ഡല്‍ഹിയിലോ മറ്റെവിടെയെങ്കിലുമോ എസി മുറിയിലിരുന്നല്ല തന്ത്രങ്ങള്‍ മെനയേണ്ടതെന്നും അദ്ദേഹം.

ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പരിസ്ഥിതി സംരക്ഷണത്തെ അവഗണിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് നേരത്തേ വിവിധ സംഘടനകള്‍ ആരോപിച്ചിരുന്നു. അതിനിടെ, ദുരന്തം മുന്‍കൂട്ടി പ്രവചിക്കാനോ വേണ്ട മുന്‍കരുതലുകളെടുക്കാനോ എന്‍ഡിഎംഎയ്‌ക്കോ കഴിഞ്ഞില്ലെന്ന ആരോപണവുമുയരുന്നുണ്ട്. എന്നാല്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴ പെയ്യുമെന്നു മാത്രമാണു മുന്നറിയിപ്പു നല്‍കിയതെന്ന് എന്‍ഡിഎംഎയുടെ വിശദീകരണം. മലവെള്ളപ്പാച്ചിലുണ്ടാകുമെന്ന് കരുതിയില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ മുന്നറിയിപ്പിനു സംവിധാനം വികസിപ്പിക്കുമെന്നും എന്‍ഡിഎംഎ പറയുന്നു.

സുനാമി മുന്നറിയിപ്പു നല്‍കുന്ന സംവിധാനം 30 മാസം കൊണ്ടാണ് വികസിപ്പിച്ചത്. 2005 ഡിസംബറിലാണ് എന്‍ഡിഎംഎ സ്ഥാപിച്ചത്. 2001ല്‍ ഗുജറാത്തിനെ തകര്‍ത്ത ഭൂകമ്പത്തിനുശേഷമാണ് എന്‍ഡിഎംഎ സ്ഥാപിക്കാന്‍ ആലോചന തുടങ്ങിയത്. 2004 സുനാമിക്കുശേഷം നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു

No comments:

Post a Comment