
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്കു വെള്ളം കുടിച്ചു പോലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇനി വെള്ളത്തിനും വില നല്‍കണം. ഇനി മുതല്‍ കുടിവെള്ളം സൗജന്യമായി ലഭിക്കില്ല. മറ്റ് ഗാര്‍ഹികാവശ്യങ്ങള്‍, കൃഷി, വ്യവസായം എന്നിവയ്ക്കുള്ള വെള്ളത്തിനും പണം എണ്ണിക്കൊടുക്കണം. ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന അളവില്‍ കൂടുതല്‍ വെള്ളമെടുക്കുന്ന കര്‍ഷകരില്‍നിന്ന് സാധാരണയില്‍ കൂടുതല്‍ വൈദ്യുതിനിരക്ക് ഈടാക്കും. ഒരാള്‍ക്ക് പ്രതിദിനം ഏറ്റവും കുറഞ്ഞത് 25 ലിറ്റര്‍ വെള്ളമെങ്കിലും ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുന്ന നിയമം അതിന് വില ഈടാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നഗരങ്ങളില്‍ സബ്‌സിഡി തുക സര്‍ക്കാര്‍ നല്‍കണം. പക്ഷേ, ഇവരും പണം കൊടുക്കണം. ദേശീയ ജല ചട്ടക്കൂട് ബില്‍(2013) എന്ന നിയമത്തിന്റെ കരടിലാണ് ഈ നിര്‍ദേശങ്ങള്‍. നിയമത്തിന്റെ കരട് ജലവിഭവ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കരട് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം സമര്‍പ്പിക്കാം. ജൂലൈ 31നു മുമ്പ് അയക്കണമെന്നു മാത്രം. കുടിവെള്ളത്തിനു പുറമെ വീടുകളില്‍ മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളം, കൃഷി, വ്യവസായം എന്നീ ആവശ്യങ്ങള്‍ക്കുള്ള വെള്ളം എന്നിവയ്ക്ക് പ്രത്യേക ഗുണനിലവാരം നിശ്ചയിച്ച് വ്യത്യസ്ത നിരക്ക് ഈടാക്കാന്‍ കരട് നിയമം വ്യവസ്ഥചെയ്യുന്നു. കുളിക്കാനും അടുക്കളയിലും ഉപയോഗിക്കുന്ന വെള്ളം ഒഴുക്കിക്കളയാതെ കക്കൂസില്‍ ഫ്‌ളഷ് ചെയ്യാനായി പുനരുപയോഗിക്കണം. ഡല്‍ഹിയില്‍ കുടിവെള്ളം പൂര്‍ണമായും വാണിജ്യവല്‍ക്കരിക്കപ്പെട്ട റസിഡന്‍ഷ്യല്‍ കോളനികളില്‍ ഈ സംവിധാനമുണ്ട്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്, ഗുണനിലവാരം, വിതരണ സംവിധാനത്തിന്റെ സാമ്പത്തികമായ നിലനില്‍പ്പ് എന്നിവ കണക്കാക്കി കാലാകാലം നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ വൈദ്യുതി റഗുലേറ്ററി അഥോറിറ്റി മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളും ജല നിയന്ത്രണ അഥോറിറ്റി രൂപീകരിക്കണം. കുടിവെള്ളം, മലിനജല നിര്‍മാര്‍ജനം എന്നിവയ്ക്കുള്ള നിരക്കുകള്‍ സംയോജിപ്പിക്കണം. ശുചീകരണത്തിനുള്ള വെള്ളത്തിന്റെ നിരക്ക് കുടിവെള്ളത്തിന്റെ നിരക്കില്‍നിന്ന് വ്യത്യസ്തമാകണം. ജലവിതരണത്തിനുള്ള പശ്ചാത്തലസൗകര്യ പദ്ധതികള്‍ ഒരു കാരണവശാലും നഷ്ടത്തില്‍ പ്രവര്‍ത്തിക്കരുത്. അതിനായി ആവശ്യമായ നിരക്ക് കാലാകാലം പരിഷ്‌കരിക്കണം. ജലവിതരണ സംവിധാനം കോര്‍പറേറ്റുവല്‍ക്കരിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യാം. ജനങ്ങള്‍ക്ക് വെള്ളത്തിന്‍മേലുള്ള അവകാശം ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നു. എന്നാല്‍ പണം കൊടുത്താല്‍മാത്രം കിട്ടുന്നതായിരിക്കും ഈ അവകാശം. ഓരോ സംസ്ഥാനവും നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുന്ന കര്‍ഷകരില്‍നിന്ന് കൂടുതല്‍ വൈദ്യുതിനിരക്ക് ഈടാക്കണം. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പമ്പിങ്ങിന് വ്യത്യസ്ത വൈദ്യുതി ഫീഡറും പരിഗണിക്കും. നദികള്‍ തുടങ്ങിയ ഉപരിതല ജലസ്രോതസ്സുകളും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ഇവയില്‍ ജനങ്ങള്‍ക്ക് ഇതുവരെയുണ്ടായിരുന്ന സ്വതന്ത്രമായ പ്രവേശനാനുവാദം നിയന്ത്രിക്കപ്പെടും. അന്തര്‍ സംസ്ഥാന നദീജല ഉപയോഗവും പരിപാലനവും സംബന്ധിച്ച് പുതിയ സംവിധാനത്തിനും നിര്‍ദേശമുണ്ട്.
No comments:
Post a Comment