ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള നൂതന്‍ ശുക്ലയ്ക്കും അഞ്ചു പേരടങ്ങുന്ന സംഘത്തിനും ഒരു നേരം ഊണു കഴിക്കാന്‍ വേണ്ടിവന്നത് 5,000 രൂപ. ഗംഗോത്രിയില്‍ നിന്നു മടങ്ങുമ്പോഴാണ് ഹരിയാനയിലെ കൈതള്‍ സ്വദേശി ജയ്പാല്‍ അപകടത്തില്‍പ്പെട്ടത്. നാലു ദിവസം ഭക്ഷണമോ വെള്ളമോ കിട്ടിയില്ല. ബസിനകത്ത് അടച്ചിരിക്കേണ്ടി വന്നു. മരണസംഖ്യ സര്‍ക്കാര്‍ പറയുന്ന കണക്കുകളെക്കാള്‍ ഏറെ ഉയരെയെന്ന് ഡെറാഡൂണിലെ ജോളിഗ്രാന്റ് വിമാനത്താവളത്തില്‍ എത്തിയ ജയ്പാല്‍ പറയുന്നു.
കുടുംബാംഗങ്ങള്‍ക്കൊപ്പം ചാര്‍ധാം യാത്ര നടത്തുമ്പോഴാണ് ബിഹാര്‍ മുന്‍ മന്ത്രി അശ്വനികുമാര്‍ ചൗബെ ദുരന്തത്തില്‍പ്പെട്ടത്. ഇതുപോലൊരു ഭീകരത ജീവിതത്തില്‍ നേരിട്ടിട്ടില്ലെന്ന് ചൗബെ. ''മൃതദേഹങ്ങളുടെ നീണ്ട നിരയായിരുന്നു മുന്നില്‍. ഉറ്റവരുടെ മൃതദേഹം ഉപേക്ഷിച്ചുപോകാന്‍ മനസുവരാതെ കരയുന്നവര്‍...മറ്റൊരു നിവൃത്തിയുമില്ലാത്തതിനാല്‍ ബന്ധുക്കളുടെ സംസ്‌കാരം അവിടെത്തന്നെ നടത്തി മടങ്ങുന്നവര്‍... ഇനിയൊരിക്കലും കാണാനിട വരരുത് ഇങ്ങനെയൊരു കാഴ്ച'' ചൗബെ പറയുന്നു.
കാണാതായ ബന്ധുക്കലുടെ ഫോട്ടൊകളുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടുകയാണ് ഡെറാഡൂണിലെത്തിയവര്‍. അപകടത്തില്‍പ്പെട്ടവരെക്കുറിച്ച് വിവരം നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു.
''എട്ടു ദിവസമായി എന്റെ മക്കള്‍ ഭക്ഷണവും വെള്ളവുമില്ലാതെ എന്നെ ഫോണില്‍ വിളിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെ ഒന്നും ചെയ്തില്ല. ഇവിടെ വിദേശികളെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന. ഇന്ത്യക്കാരുടെ ജീവനു വിലയില്ല'' ഒരു തീര്‍ഥാടകന്‍ പറഞ്ഞു.
ഭീതിയും നിരാശയുമാണ് തീര്‍ഥാടന കേന്ദ്രങ്ങളിലിപ്പോള്‍ നിറയുന്നതത്രെ. ഗൗരികുണ്ഡില്‍ 2,500 പേരാണ് ഒമ്പതു ദിവസമായി കുടുങ്ങിക്കിടക്കുന്നത്. റോഡ് പൂര്‍ണമായും ഒലിച്ചുപോയി. സൈനിക ഹെലികോപ്റ്ററില്‍ ഒരു തവണ 1015 പേരെ മാത്രമേ രക്ഷിക്കാനാവൂ. സര്‍ക്കാര്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ നിയോഗിക്കുക മാത്രമാണു പോംവഴി. എന്നാല്‍, ഇപ്പോള്‍ത്തന്നെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈന്യത്തിന് ഇതിലപ്പുറം എന്തു ചെയ്യാനാവും എന്നതാണു ചോദ്യം.
No comments:
Post a Comment