ADS

Monday, August 5, 2013

പേമാരി ; ഇടുക്കിയില്‍ 12 മരണം

തൊടുപുഴ: ഇടുക്കി ഉള്‍പ്പടെ തെക്കന്‍ കേരളത്തില്‍ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ വന്‍നാശനഷ്ടം. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഇടുക്കി ജില്ലയില്‍ 12 പേര്‍ മരിച്ചു, രണ്ടുപേരെ കാണാതായി. റോഡുകള്‍ തകര്‍ന്നതിനാല്‍ മൂന്നാര്‍, രാജാക്കാട് ഉള്‍പ്പടെ ഹൈറേഞ്ചിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.

അടിമാലിയ്ക്കും നേര്യമംഗലത്തിനും മധ്യേ ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞാണ് അഞ്ച് പേര്‍ മരിച്ചത്. തോപ്പില്‍ക്കുടി സ്വദേശി ജോസി, ഇറച്ചിപ്പാറ സ്വദേശിയും ദേവികുളം താലൂക്ക് ഓഫീസിലെ ഡ്രൈവറുമായ രാജന്‍(32), പാലക്കാട് സ്വദേശി ജിബിന്‍(11), തരിച്ചറിയാത്ത രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്. 30 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കുന്നു. ടൂറിസ്റ്റ് ബസ് അടക്കം മൂന്നുവാഹനങ്ങള്‍ കൊക്കയിലേക്ക് മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഈപ്രദേശത്ത് തുടര്‍ച്ചയായി മണ്ണിടിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇടുക്കിയില്‍ തടിയമ്പാട്, മരിയാപുരം, മുണ്ടാന്‍പടി എന്നിവിടങ്ങളില്‍ ഉള്‍പ്പടെ 17 ഇടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. തടിയമ്പാട്ട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു. ഉറുമ്പിതടത്ത് ജോസിന്റെ മക്കളായ ജോസ്‌ന(17), ജോസ്മി(13) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

കുഞ്ചിത്തണ്ണി ടൗണിലെ പൂജാ കറിപൗഡര്‍ യൂണിറ്റിന് സമീപം താമസിക്കുന്ന വരിക്കയില്‍ പാപ്പച്ചന്‍ (65), ഭാര്യ തങ്കമ്മ(65) എന്നിവരും വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞാണ് മരിച്ചത്. മാലയിഞ്ചി പാലമറ്റത്ത് പീതാംബരന്റെ ഭാര്യ ശാരദ(65) ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇടുക്കികവലയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് പെരുമാംകണ്ടത്ത് അന്നമ്മ പൗലോസ്(60)മരിച്ചു.

മലയിഞ്ചിയില്‍ ഉരുള്‍പൊട്ടി അമ്മയേയും കുഞ്ഞിനെയും കാണാതായി. പൂമറ്റത്തില്‍ ബീന(31)യെയും ഒരുവയസ്സുള്ള മകനെയുമാണ് കാണാതായത്. രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
 ഇടുക്കി ജില്ലയില്‍ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി റവന്യുവകുപ്പ് അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷംരൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇടുക്കി കളക്ടറേറ്റിലെ ഹെല്‍പ് ലൈന്‍ നമ്പര്‍: 0486 2232242.

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തൊടുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ഇടയാറന്‍മുള, നെയ്യാര്‍ ഡാമുകള്‍ തുറന്നു.

വെള്ളംകയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ അടച്ചു. മധുര-കോട്ടയം നാഷണല്‍ ഹൈവെ വഴിയുള്ള ഗതാഗതവും നിലച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ കോട്ടയം, എറണാകുളം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.

No comments:

Post a Comment