ADS

Saturday, August 10, 2013

സെക്സി ടീച്ചറായി ശ്രീദേവി ഞെട്ടിച്ചു ; വോഗ് ഫോട്ടോഷൂട്ട്‌ വൈറലാകുന്നു


ഫാഷന്‍ മാഗസിനായ വോഗിനു വേണ്ടി പ്രമുഖ ബോളിവുഡ് താരം ശ്രീദേവി നടത്തിയ നടത്തിയ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു മക്കളുടെ അമ്മയാണെങ്കിലും മറ്റേതൊരു ബോളിവുഡ് താരസുന്ദരിയെയും പിന്നിലാക്കാന്‍ അമ്പതാം വയസിലും തന്‍റെ സൗന്ദര്യത്തിനു സാധിക്കുമെന്നു തെളിയിക്കുകയാണ് ശ്രീദേവി.

ബോണി കപൂറുമായുള്ള വിവാഹത്തിന് ശേഷം ഏറെക്കാലമായി അഭിനയരംഗത്തു നിന്നും മാറിനില്‍ക്കുകയായിരുന്ന ശ്രീദേവി ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന സൂപ്പര്‍ഹിറ്റിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് തിരിച്ചെത്തിയത്. വോഗ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടോടെ ശ്രീദേവിയുടെ താരമൂല്യം പതിന്മടങ്ങായി വര്‍ധിച്ചുവെന്നാണ് ബോളിവുഡില്‍ നിന്നും ലഭിക്കുന്ന സൂചന.
എണ്‍പതുകളിലും, തൊണ്ണൂറുകളിലും ഒട്ടനവധി ആരാധകരുടെ അന്ധമായ ആരാധനയ്ക്ക് പാത്രമായ ശ്രീദേവി എന്തായാലും വരുംകാലങ്ങളിലും ഒരുപാട് ആരാധകരുടെ ഉറക്കം കളയുമെന്നുറപ്പ്.
 

Monday, August 5, 2013

25 ലക്ഷവുമായി കടന്ന വീട്ടുജോലിക്കാരനെ ഫെയ്‌സ്ബുക്ക് കുടുക്കി


മുംബൈ:  വീട്ടുടമസ്ഥരെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് ലക്ഷം രൂപയുമായി കടന്ന ജോലിക്കാരന്‍ നാലു മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. മുന്‍ യജമാനന്മാര്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതാണ് സുവബ്രത  സന്യാലിനെ കുടുക്കിയത്.
നാലു മാസത്തോളം ഒളിവില്‍ താമസിച്ച സന്യാല്‍ വൃദ്ധരായ മുന്‍ യജമാനദമ്പതികള്‍ക്ക് ഫെയ്‌സ്ബുക്കില്‍ സുഹൃത്താകാനുള്ള അപേക്ഷ അയക്കുകയായിരുന്നു. ഈ അപേക്ഷ പിന്തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ നിന്നും സന്യാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
യജമാനന്മാരുടെ ഭക്ഷണത്തില്‍ മായം കലര്‍ത്തിയാണ് സന്യാല്‍ 25 ലക്ഷം രൂപയുടെ പണവും മറ്റ് വില പിടിപ്പുള്ള വസ്തുക്കളുമായി  കടന്നുകളഞ്ഞത്.
മറൈന്‍ എഞ്ചിനീയറായിരുന്ന ദീപക് റൗട്ട്, ഭാര്യയായ അമിത ഇവരുടെ രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് സന്യാല്‍ സധൈര്യം ഫെയ്‌സ്ബുക്ക് അപേക്ഷ അയച്ചത്. തിരിച്ചറിയുന്നതിനു വേണ്ടി തന്റെ ഫോട്ടോയും ഫെയ്‌സ്ബുക്കിലിട്ടു.

ഭക്ഷണവും പുത്തനുടുപ്പുകളുമായി സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയില്‍


പാലക്കാട്: പട്ടിണിയും നവജാത ശിശുക്കളുടെ മരണവം കാരണം കൊടുംദുരിതത്തിലായ അട്ടപ്പാടിയിലെ ആദിവാസികളെ കാണാന്‍ സന്തോഷ് പണ്ഡിറ്റ് എത്തി. ഭക്ഷ്യധാന്യങ്ങളും,പഴങ്ങളും പുത്തന്‍ വസ്ത്രങ്ങളുമടങ്ങുന്ന കിറ്റുകളുമായാണ് സന്തോഷ് എത്തിയത്. കിറ്റുകള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. 2500 രൂപ വില വരുന്ന കിറ്റുകള്‍ എട്ട് ഊരുകളിലാണ് വിതരണം ചെയ്തത്.
നാലാമത്തെ സിനിമയുടെ ഷൂട്ടിങ്ങ് ലോക്കേഷനില്‍ നിന്നാണ് സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെക്ക് എത്തിയത്. സൂപ്പര്‍ സ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന സ്വയം പരിചപ്പെടുത്തിയാണ് ഊര് നിവാസികളെ തേടി പണ്ഡിറ്റ് എത്തിയത്.
മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും സന്ദര്‍ശിക്കുകയും പാഴ്വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു പോയ ശേഷമാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് സന്തോഷ് എത്തിയത്.യൂട്യൂബും ഫെയ്സ് ബൂക്കും ഒന്നും പരിചയമില്ലാത്ത ഊര് നിവാസികള്‍ക്ക് കാണാന്‍ വന്നിരിക്കുന്ന അതിഥി ആരെന്ന് ആദ്യം മനസ്സിലായതേയില്ല. കെട്ടിലും മട്ടിലും രാഷ്ട്രീയക്കാരന്‍റെ ഒരു സാമ്യതയുമില്ല.
തന്നെ കണ്ട് അന്തംവിട്ടിരിക്കുന്ന ഊര് നിവാസികള്‍ക്ക് സന്തോഷ് തന്നെ സ്വയം പരിചയപ്പെടുത്തി. വാര്‍ത്തകളില്‍ കേട്ടറിഞ്ഞ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഗര്‍ഭിണിമാരോടും കുട്ടികളോടുമെല്ലാം ചോദിച്ചറിഞ്ഞു. പണ്ഡിറ്റ് ഏതായാലും ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഊരുകാര്‍ക്ക് സൂപ്പര്‍സ്റാറായി മാറി.

മുഖ്യമന്ത്രി ചീയപ്പാറയിലേക്ക്; ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു






തൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹെലികോപ്ടറില്‍ ഇടുക്കിയില്‍ ദുരന്തം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ചീയപ്പാറ അടക്കമുള്ള സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഹെലിക്കോപ്റ്ററില്‍ നേര്യമംഗലത്തെത്തും. തുടര്‍ന്ന് റോഡു മാര്‍ഗം ഇടുക്കിയിലേക്ക് പോകും.

മഴക്കെടുതി വിലയിരുത്താന്‍ വൈകിട്ട് മൂന്നുമണിക്ക് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക മന്ത്രിസഭായോഗവും ചേരുന്നുണ്ട്.
ഇടുക്കിയില്‍ ക്യാംപ് ചെയ്യുന്ന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പി.ജെ. ജോസഫ് എന്നിവരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സ്ഥിതി വിലയിരുത്തും. ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടക്കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും അടിയന്തര സഹായം ജനങ്ങള്‍ക്കെത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം ദേശീയപാത 49ല്‍ ചീയപ്പാറ വഴിയുളള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. റോഡിലെ മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്നലെ മണ്ണിടിഞ്ഞു വീണ ഭാഗത്ത് യാത്രക്കാര്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. മണ്ണിടിച്ചിലില്‍പ്പെട്ട് മറിഞ്ഞ വാഹനങ്ങളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നും ഇന്ന് രാവിലെ പരിശോധിക്കും.
ചീയപ്പാറയില്‍ ഗതാഗതം പുന:സ്ഥാപിച്ചു; മുഖ്യമന്ത്രി ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടു

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറൊന്നിന് 61.40 രൂപ


മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 61.40 എന്ന നിലയിലെത്തി. ഇന്നലെ 60.88 രൂപയായിരുന്നു രൂപയുടെ മൂല്യം.
രൂപയുടെ മൂല്യം സമീപ കാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലായ സ്ഥിതിക്ക് റിസര്‍വ് ബാങ്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനിടയുണ്ട്.
കഴിഞ്ഞ ജൂലൈ എട്ടിന് ഡോളറിന്  61.21 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു.
ബാങ്കുകളുടെ പണലഭ്യത കുറയ്ക്കുന്നതടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രൂപയുടെ വിനിമയ മൂല്യം 60ന് താഴെയായിരുന്നു. പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചതു മുതല്‍ രൂപയുടെ മൂല്യം വീണ്ടും കൂപുകുത്തുകയായിരുന്നു.

കാശ്മീരില്‍ വെടിവെയ്പ്പ്; 5 സൈനീകര്‍ കൊല്ലപ്പെട്ടു


കാശ്മീര്‍: കാശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്. അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്ക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനുനേരെ ആക്രമണം നടത്തിയത്. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഒരു സുബേധാറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ജനുവരിയില്‍ പൂഞ്ച് സെക്ടറില്‍ രണ്ട് സൈനീകരെ പാക്ക് സൈന്യം തട്ടിക്കൊണ്ട് പോകുകയും ഒരാളുടെ ശിരസ്സ് ഛേദിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ജൂണിലാണ് പാക്ക് സൈന്യം ലംഘിച്ചത്.
ജൂണില്‍ പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനീകന്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് വെടിവെയ്പ്പിന് പുറമെ പാക്ക് സൈന്യം റോക്കറ്റാക്രമണവും നടത്തിയിരുന്നു. ഇന്ന് വെടിവെയ്പ്പ് മാത്രമാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. ജൂണ്‍ പത്തിന് പൂഞ്ച് സെക്ടറിലെ കൃഷ്ണഘട്ടിലും പാക്ക് സൈന്യം വെടിവെയ്പ്പ് നടത്തിയിരുന്നു.

അതിരപ്പിളളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് നിരോധനം.



ചാലക്കുടി: അതിരപ്പിളളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് നിരോധനം. കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരോധനം. വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ മണ്ണിടിച്ചില്‍ സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ചാലക്കുടി ഡിഎഫ്ഒ ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി ഒന്നാം മൈലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പ്ലാപ്പള്ളി സ്വദേശികളായ ദാമോദരന്‍ (70), അഹല്യ (4) എന്നിവരാണ് മരിച്ചത്.

ആയിരങ്ങള്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം നടത്തി


തിരുവനന്തപുരം: കനത്തമഴയെ അവഗണിച്ച് സംസ്ഥാനത്തൊട്ടാകെ ആയിരക്കണത്തിന് വിശ്വാസികള്‍ കര്‍ക്കടക വാവുബലിതര്‍പ്പണം നടത്തി. ചരിത്രപ്രസിദ്ധമായ ആലുവാക്ഷേത്രവും പരിസരവും മണപ്പുറവും മലവെള്ളത്തില്‍ മുങ്ങിയിട്ടും രാവിലെ തന്നെ നൂറുകണക്കിന് ആള്‍ക്കാര്‍ ചടങ്ങിനായി എത്തി. താത്കാലിക ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെയാണ് വെള്ളമെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഓഡിറ്റോറിയം ഉള്‍പ്പെടെ ഏക്കര്‍ കണക്കിന് മണല്‍പ്പരപ്പ് ഇപ്പോഴും വെള്ളത്തിലാണ്.

വെള്ളം കയറിക്കിടക്കുന്ന ഭാഗത്തോടു ചേര്‍ന്ന് തന്നെയാണ് ഭക്തര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമൊരുക്കിയത്. തോട്ടയ്ക്കാട്ടുകര മുതല്‍ മണപ്പുറം ആല്‍ത്തറ വരെയുള്ള റോഡിന്റെ ഭാഗമാണ് ഇതിനായി ഉപയോഗിച്ചത്. മുന്‍കരുതലായി മണപ്പുറത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

തിരുവനന്തപുരം ജില്ലയില്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രം, കന്യാകുമാരി ത്രിവേണി സംഗമം, ശംഖുംമുഖം, കുഴിത്തുറ താമ്രപര്‍ണി, അരുവിക്കര, നെയ്യാര്‍ , വെള്ളായണി തൃക്കുളങ്ങര വിഷ്ണുക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തില്‍ ശിവക്ഷേത്രം, കൈമനം അമൃതാനന്ദമയീമഠം, പൂവാര്‍ പൊഴിക്കര തുടങ്ങിയ ക്ഷേത്രങ്ങളല്‍ ബലിതര്‍പ്പണം നടന്നു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ഒരേ സമയം മൂവായിരം പേര്‍ക്ക് ബലിയിടാന്‍ സൗകര്യമൊരുക്കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.1 അടിയായി ഉയര്‍ന്നു.


ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.1 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയായാല്‍ സ്പീല്‍വേയിലൂടെ വെള്ളം ഇടുക്കിയിലേക്ക് ഒഴുകും.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ മുല്ലപ്പെരിയാറിലും സമീപത്തം കനത്ത മഴ പെയ്യുകയാണ്. ഒറ്റ ദിവസം കൊണ്ട് ഒരു അടി വെള്ളം അണക്കെട്ടില്‍ ഉയര്‍ന്നു. തമിഴ്നാടിനോടു കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഇതിനു തയാറായിട്ടില്ല. അടുത്ത മാസം തമിഴ്നാട്ടില്‍‍ മഴ ആരംഭിക്കാനിരിക്കെ, കൂടുതല്‍ വെള്ളം ഇവിടെ സംഭരിക്കാനാണു തമിഴ്നാട് ശ്രമിക്കുന്നത്.

പെരിയാറിലെ ജലനിരപ്പ് ഒരു ദിവസംകൊണ്ട് മൂന്നടിയോളം ഉയര്‍ന്നു.

മുല്ല പ്പെരിയാർ ജലനിരപ്പ്‌ 133 അടി പിന്നിട്ടു !! 3 അടി കൂടി ഉയർന്നാൽ ഡാം നിറയും

മുല്ല പ്പെരിയാർ ജലനിരപ്പ്‌ 133  അടി പിന്നിട്ടു 

കനത്ത മഴയെ തുടർന്ന് മുല്ല പ്പെരിയാർ അണക്കെട്ടിലെ  ജലനിരപ്പ്‌ 133  അടി പിന്നിട്ടു . 3 അടി കൂടി ഉയർന്നാൽ ഡാം നിറയും എന്നതിനാൽ കൊണ്ട് പോവുന്ന വെള്ളത്തിന്റെ അളവ് വര്ധിപ്പിക്കണമെന്നു കേരളം തമിഴ് നാടിനോട് ആവശ്യപ്പെട്ടു. പെരിയാറിന്റെ തീരങ്ങളിൽ 7 കണ്ട്രോൾ റൂമുകൾ തുറന്നു. കഴിഞ്ഞ രണ്ടു  ദിവസമായി നെയ്യാര് വനമേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇതേ തുടർന്ന്  നെയ്യാർ  ദാമിൻറെ  ഷട്ടർ ഒന്നരയടി ഉയർത്തി .

പേമാരി ; ഇടുക്കിയില്‍ 12 മരണം

തൊടുപുഴ: ഇടുക്കി ഉള്‍പ്പടെ തെക്കന്‍ കേരളത്തില്‍ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ വന്‍നാശനഷ്ടം. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഇടുക്കി ജില്ലയില്‍ 12 പേര്‍ മരിച്ചു, രണ്ടുപേരെ കാണാതായി. റോഡുകള്‍ തകര്‍ന്നതിനാല്‍ മൂന്നാര്‍, രാജാക്കാട് ഉള്‍പ്പടെ ഹൈറേഞ്ചിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.

അടിമാലിയ്ക്കും നേര്യമംഗലത്തിനും മധ്യേ ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞാണ് അഞ്ച് പേര്‍ മരിച്ചത്. തോപ്പില്‍ക്കുടി സ്വദേശി ജോസി, ഇറച്ചിപ്പാറ സ്വദേശിയും ദേവികുളം താലൂക്ക് ഓഫീസിലെ ഡ്രൈവറുമായ രാജന്‍(32), പാലക്കാട് സ്വദേശി ജിബിന്‍(11), തരിച്ചറിയാത്ത രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്. 30 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കുന്നു. ടൂറിസ്റ്റ് ബസ് അടക്കം മൂന്നുവാഹനങ്ങള്‍ കൊക്കയിലേക്ക് മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഈപ്രദേശത്ത് തുടര്‍ച്ചയായി മണ്ണിടിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇടുക്കിയില്‍ തടിയമ്പാട്, മരിയാപുരം, മുണ്ടാന്‍പടി എന്നിവിടങ്ങളില്‍ ഉള്‍പ്പടെ 17 ഇടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. തടിയമ്പാട്ട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു. ഉറുമ്പിതടത്ത് ജോസിന്റെ മക്കളായ ജോസ്‌ന(17), ജോസ്മി(13) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

കുഞ്ചിത്തണ്ണി ടൗണിലെ പൂജാ കറിപൗഡര്‍ യൂണിറ്റിന് സമീപം താമസിക്കുന്ന വരിക്കയില്‍ പാപ്പച്ചന്‍ (65), ഭാര്യ തങ്കമ്മ(65) എന്നിവരും വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞാണ് മരിച്ചത്. മാലയിഞ്ചി പാലമറ്റത്ത് പീതാംബരന്റെ ഭാര്യ ശാരദ(65) ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇടുക്കികവലയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് പെരുമാംകണ്ടത്ത് അന്നമ്മ പൗലോസ്(60)മരിച്ചു.

മലയിഞ്ചിയില്‍ ഉരുള്‍പൊട്ടി അമ്മയേയും കുഞ്ഞിനെയും കാണാതായി. പൂമറ്റത്തില്‍ ബീന(31)യെയും ഒരുവയസ്സുള്ള മകനെയുമാണ് കാണാതായത്. രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
 ഇടുക്കി ജില്ലയില്‍ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി റവന്യുവകുപ്പ് അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷംരൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇടുക്കി കളക്ടറേറ്റിലെ ഹെല്‍പ് ലൈന്‍ നമ്പര്‍: 0486 2232242.

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തൊടുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ഇടയാറന്‍മുള, നെയ്യാര്‍ ഡാമുകള്‍ തുറന്നു.

വെള്ളംകയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ അടച്ചു. മധുര-കോട്ടയം നാഷണല്‍ ഹൈവെ വഴിയുള്ള ഗതാഗതവും നിലച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ കോട്ടയം, എറണാകുളം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.

രണ്ട് രൂപ ഫീസടപ്പിക്കാന്‍ 25 രൂപയുടെ രജിസ്‌ട്രേഡ് കത്ത്

വൈപ്പിന്‍ : രണ്ടുരൂപ ഫീസ് അടപ്പിക്കാന്‍ 25 രൂപയുടെ കത്തയച്ച് ഞാറക്കല്‍ പഞ്ചായത്ത് 'മാതൃക' കാട്ടി. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടയാളോടാണ് രണ്ട് രൂപ അടയ്ക്കാന്‍ രജിസ്‌ട്രേഡ് കത്തയച്ചത്.

ആവശ്യക്കാരന്‍ രേഖകള്‍ പഞ്ചായത്തില്‍ വന്ന് ശേഖരിച്ചശേഷമാണ് പഞ്ചായത്തിന്റെ ഈ വികൃതി. അപേക്ഷയില്‍ വീട്ടുകാരന്റെ മൊബൈല്‍ നമ്പറും മറ്റു വിവരങ്ങളും ഉള്ളപ്പോഴാണ് ഇത്തരം ഒരു കത്തയയ്ക്കല്‍.

ഞാറക്കല്‍ സഹോദരനഗറിന് സമീപം കൊച്ചുപുരക്കല്‍ സന്തോഷിനാണ് പഞ്ചായത്ത് ഈ കത്തയച്ചത്. വീടിന്റെ അതിര്‍ത്തിയില്‍ നിന്നിരുന്ന മരം അനുമതിയില്ലാതെ പഞ്ചായത്ത് വെട്ടിക്കളഞ്ഞിരുന്നു. ഇതിന്റെ കാരണം ആവശ്യപ്പെട്ടായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. മരം കാറ്റില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വെട്ടിക്കളയാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് അയച്ച കത്ത് ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല. അയച്ച കത്തിന്റെ രേഖകളാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇത് പഞ്ചായത്തില്‍ നിന്നു നല്‍കിയതിന്റെ പിറ്റേന്നാണ് രേഖകള്‍ ലഭിക്കണമെങ്കില്‍ രണ്ടു രൂപ ഫീസ് അടയ്ക്കണമെന്ന രജിസ്‌ട്രേഡ് കത്ത് ഇയാള്‍ക്ക് ലഭിച്ചത്.

മുണ്ടുടുത്ത ഇന്ത്യക്കാരന് ദുബായ് മെട്രോയില്‍ വിലക്ക്

ദുബായ്:ഭാരതീയ പരമ്പരാഗത വേഷമൊക്കെയായിരിക്കാം, പക്ഷേ, ദുബായ് മെട്രോയില്‍ സഞ്ചരിക്കണമെങ്കില്‍ മുണ്ടുടുക്കരുത്(മറ്റേതു വേഷവുമാകാം). കഴിഞ്ഞ ശനിയാഴ്ച മുണ്ടുടുത്ത് മെട്രോയില്‍ കയറാന്‍ വന്ന ഇന്ത്യക്കാരനായ അറുപത്തേഴുകാരനെ സ്റ്റേഷന്റെ പരിസരത്തേക്കു പോലും പോലീസ് അടുപ്പിച്ചില്ല.

ദുബായിലുള്ള മകളെ കാണാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. ഇരുവരും നഗരം കാണാനിറങ്ങിയപ്പോഴാണ് എത്തിസലാത്ത് മെട്രോസ്റ്റേഷനില്‍ പോലീസ് തടഞ്ഞത്. മുണ്ട് അനുവദനീയമല്ലെന്നും അത് ധരിച്ച് അകത്തുപോകാന്‍ പറ്റില്ലെന്നുമായിരുന്നു പോലീസ് പക്ഷം.

ഇന്ത്യയുടെ പരമ്പരാഗതവേഷമാണെന്നൊക്കെ മകള്‍ മധുമതി താണുവീണു പറഞ്ഞിട്ടും പോലീസുകാരന്റെ മനസ്സലിഞ്ഞില്ല. മുണ്ടുടുത്തുകൊണ്ട് മുമ്പ് പലവട്ടവും പിതാവ് മെട്രോയില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ തടയാന്‍ കാരണമെന്താണെന്ന് അറിയില്ലെന്നും മകള്‍ പറഞ്ഞു.

മെട്രോയില്‍ സഞ്ചരിക്കാന്‍ പ്രത്യേക 'ഡ്രെസ്‌കോഡ്' ഒന്നുമില്ലെന്ന് ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (ആര്‍.ടി.എ)യും പറയുന്നു. മെട്രോയില്‍ സഞ്ചരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ മുണ്ട് പെട്ടിയില്‍വെച്ച് പൂട്ടാനൊന്നും യുവതിയും അച്ഛനും തീരുമാനിച്ചിട്ടില്ല. പ്രശ്‌നം വിവരിച്ച് ഔദ്യോഗികമായി പരാതികൊടുത്തുകഴിഞ്ഞു.

ദേശീയ പാതകള്‍ വെള്ളത്തിനടിയില്‍: നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

കൊച്ചി: മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ റണ്‍വേ അടച്ചു. രാവിലെ പത്തു മുതല്‍ വൈകിട്ട് 3.20 വരെയാണ് റണ്‍വേ അടച്ചിടുന്നത്. റണ്‍വേയില്‍ മഴയെ തുടര്‍ന്ന് വെള്ളം കെട്ടി നില്‍ക്കുന്നതിനാലാണിത്. മഴ വെള്ളം കെട്ടി നില്‍ക്കുന്ന റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും അപകടകരമാണ്.
ആദ്യം ഒരു മണി വരെയായിരുന്നു സര്‍വീസ് നിര്‍ത്തിവെച്ചിരുന്നതെങ്കിലും പിന്നീട് 3.20 വരെ സര്‍വീസ് നീട്ടി വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ട നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. നെടുമ്പാശ്ശേരിയിലേക്ക് എത്തിയ സൗദി എയര്‍ലൈന്‍സിന്‍റെ വിമാനം ചെന്നൈയിലേക്ക് തിരിച്ച് വിട്ടു. ഡല്‍ഹി-പൂനെ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു.
അതേസമയം വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി-മധുര ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. നാലടിയോളം വെള്ളമാണ് ദേശീയ പാതയില്‍ കയറിയിരിക്കുന്നത്.
ഇന്നലെ മുതലാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെട്ടത്. സംസ്ഥാനത്തൊട്ടാകെ പെയ്യുന്ന മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വിവിധ ഡാമുകള്‍ തുറന്നു വിട്ടതോടെ മിക്ക നദികളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; ഇടുക്കിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും മൂലം ഇടുക്കി ജില്ലയില്‍ ഏഴുപേര്‍ മരിച്ചു. രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയാണ് ഏഴ് അപകടത്തില്‍ മരിച്ചത്. ഇടുക്കി തടിയമ്പാട് ഉറുമ്പിതടത്തില്‍ ജോസിന്റെ മക്കളായ ജോസ്‌ന(16), ജോസ്‌നി(14) എന്നീ പെണ്‍കുട്ടികളും വരിക്കയില്‍ പാപ്പച്ചന്‍, ഭാര്യ തങ്കമ്മ, പെരുമാന്‍തളത്തില്‍ അന്നമ്മ(65), മലയിഞ്ചിയില്‍ ശാരദ, കുറിച്ചിലക്കോട്ട് കോട്ടയില്‍ ബാലന്‍ (60 ), താന്നിക്കണ്ടം അണക്കര ബാബു എന്നിവരാണ് മരിച്ചത്. ഇതില്‍ തങ്കമ്മ ഇന്നലെയാണ് മരിച്ചത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളും മരിച്ചു.
രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണായിരുന്നു സഹോദരികളായ ജോസ്‌നയുടെയും ജോസ്‌നിയുടെയും മരണം. കവലയ്ക്ക് സമീപം പ്രിയദര്‍ശനവീട്ടില്‍ വീടിന്റെ മണ്‍ ഭിത്തി ഇടിഞ്ഞു വീണാണ് പെരുമാന്‍തളത്തില്‍ അന്നമ്മ മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് ഇടുക്കി വവ്വാക്കാട് പീതാംബരന്റെ ഭാര്യ ശാരദ മരിച്ചത്. ഞായറാഴ്ച്ച രാത്രി ഏറെ വൈകി കഞ്ചിത്തണ്ണിയിലുണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ടായിരുന്നു പാപ്പച്ചന്റെയും ഭാര്യ തങ്കമ്മയുടെയും മരണം.
അതിനിടയില്‍ മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് നദിയില്‍ നീരൊഴുക്ക് കൂടിയ ഇടമലയാര്‍, നെയ്യാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ തുറന്നുവിട്ടു.
ഇടമലയാര്‍ ഡാം തുറന്ന് വിട്ടതിനെ തുടര്‍ന്ന് മലയാറ്റൂര്‍ മുളങ്കുഴിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായും തുറന്നു വിട്ടിരിക്കുന്നതിനാല്‍ തൊടുപുഴ ആറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. തെന്മല അണക്കെട്ടിന്റെ ഷട്ടര്‍ തിങ്കളാഴ്ച്ച രാവിലെ തുറന്ന് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ മുതല്‍ കനത്ത മഴ തുടരുന്ന ഇടുക്കിയിലെ അങ്ങനവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കൊപ്പം മറ്റൊല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി മുള്ളിരങ്ങാട് വലിയങ്ങോട് പാലത്തിന്റെ അപ്രോച്ച് റോഡ് ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. ഉപ്പുതോട്, കഞ്ചിത്തണ്ണി, തൊമ്മന്‍കുത്ത്, മുണ്ടന്‍മുടി തുടങ്ങിയ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം വ്യാപകമായി കൃഷി നാശവും സംഭവിച്ചു. തൊടുപുഴ മുണ്ടന്‍മുടിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വടുതലയില്‍ പ്രകാശന്റെ വീട് ഒലിച്ച് പോയി. ആളപായമില്ല. അടിമാലി മന്നാംകാലയിലും പഴയരിക്കണ്ടത്തുമുള്ള വീടുകളില്‍ വെള്ളം കയറി.
സംസ്ഥാനത്ത് രണ്ടു ദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.