ADS

Wednesday, July 3, 2013

യു.എ.ഇ.യിലും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

യു.എ.ഇ.യിലും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു


ദുബായ്:യു.എ.ഇ.യിലെ തൊഴില്‍ മന്ത്രാലയം തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നടപടി ആരംഭിച്ചു. ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രി സഖര്‍ ഘോബാഷ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ജീവനക്കാര്‍ക്ക് രണ്ട് മാസം ശമ്പളം നല്കുന്നത് നിലച്ചാല്‍ കമ്പനിയുടമകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതാണ് പുതിയ നിയന്ത്രണത്തിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഈ ഉടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളെയും ഈ വ്യവസ്ഥയനുസരിച്ച് നിരീക്ഷണ വിധേയമാക്കും. കമ്പനികള്‍ക്ക് പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.

വ്യാജ വര്‍ക്ക് പെര്‍മിറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നതിനും കര്‍ശനമായ വിലക്ക് വരികയാണ്. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് യു.എ.ഇ.യില്‍ വിലക്ക് ഏര്‍പ്പെടുത്തും. ഇത്തരത്തിലുള്ള പെര്‍മിറ്റ് സംഘടിപ്പിച്ചുകൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ പിഴയും ശിക്ഷയായി ലഭിക്കും. എല്ലാ വിദേശികളും അവരുടെ സ്‌പോണ്‍സറുടെ കീഴില്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളു. ഒരു സ്ഥാപനത്തിന്റെ വര്‍ക്ക് പെര്‍മിറ്റുമായി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് കുറ്റകരമാണ്. ഈ വ്യവസ്ഥ ലംഘിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും വരും ദിവസങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ നടത്തും. ജീവനക്കാരെ തൊഴിലിന് നിയോഗിക്കുന്നവര്‍ യഥാസമയം അവര്‍ക്ക് ലേബര്‍ കാര്‍ഡുകള്‍ ലഭ്യമാക്കണം. അവര്‍ പിരിഞ്ഞുപോകുമ്പോള്‍ കാര്‍ഡുകള്‍ റദ്ദാക്കുകയും വേണം. ഇത് രണ്ടും സ്‌പോണ്‍സറുടെ ഉത്തരവാദിത്തമാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ പിഴശിക്ഷ നടപ്പാക്കും.

No comments:

Post a Comment