ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കരാര്‍ തുടരുന്നതിന് നിയമസാധുതയുണ്ടോ എന്നകാര്യത്തില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി. കേസില്‍ നിര്‍ണായകമായ അന്തിമവാദം തുടങ്ങിയപ്പോഴാണ് കേരളത്തിന്റെ വാദങ്ങള്‍ക്ക് ശക്തിപകരുന്ന അഭിപ്രായപ്രകടനം കോടതി ഇന്ന് നടത്തിയത്.
സ്വാതന്ത്ര്യത്തിന് മുമ്പ് പഴയ തിരുവതാംകൂര്‍ സര്‍ക്കാരും മദ്രാസ് സര്‍ക്കാരും തമ്മില്‍ ഏര്‍പ്പെട്ട കരാറിന്റെ പിന്തുടര്‍ച്ചാവകാശം എങ്ങനെ തമിഴ്‌നാടിന് ലഭിക്കുമെന്ന് കോടതി ചോദിച്ചു.
പഴയ ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരമേറ്റെടുത്ത കേന്ദ്രസര്‍ക്കാരിനല്ലേ അങ്ങനെയെങ്കില്‍ പിന്തുടര്‍ച്ചാവകാശം വന്നുചേരുക. കരാറിന്റെ പിന്തുടര്‍ച്ചാവകാശം എങ്ങനെ തമിഴ്‌നാടിന് ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ തമിഴ്‌നാടിനോട് കോടതി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം പഠിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമതെളിവല്ല. വസ്തുതകളിലേക്ക് നയിക്കാന്‍ കോടതിയെ സഹായിക്കുന്ന സംവിധാനം മാത്രമാണ് റിപ്പോര്‍ട്ടെന്നും പരമോന്നതനീതിപീഠം പറഞ്ഞു. അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടാണ് ജസ്റ്റിസ് കെ.ടി തോമസ് ഉള്‍പ്പെട്ട ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
ജസ്റ്റിസ് ആര്‍.എം ലോധ, എച്ച്.എല്‍ ദത്തു, സി.കെ പ്രസാദ്, മദന്‍ബി ലോക്കൂര്‍, എം.വൈ ഇക്ബാല്‍ എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വൈകാതെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി കേരള നിയമസഭ നിയമം പാസാക്കി. ഇതിനെതിരെ തമിഴ്‌നാട് ഹര്‍ജി നല്‍കി.
കേരളം പാസാക്കിയ പ്രമേയമല്ല കരാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പഠിക്കാനാണ് കേസ് ഭരണഘടനാ ബെഞ്ച് വിട്ടതെന്നും തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഈ ഹര്‍ജിയിലാണ് അന്തിമവാദം നടക്കുന്നത്. തമിഴ്‌നാടിന്റെ വാദമാണ് ഇന്ന് നടന്നത്.




